Forum :
കവിത
Topic :
വീട്ടിലേയ്ക്കുള്ള വഴി
വീട്ടിലേയ്ക്കുള്ള വഴിവെയിലേറുകയാണ് ചുറ്റിലും. ദാഹനീരിനു നാവുനീട്ടുന്നൊരി തൊടിയില്‍ ഏകനായ് നില്‍ക്കേ, വെയിലേറുകയാണ് ചുറ്റിലും. കോതയെ കണ്ടില്ല. തേക്കുപാട്ടും കേട്ടില്ല. വീട്ടിലേയ്ക്കുള്ള വഴി മറന്നുപോയ്... വഴിയിലെ പാട്ടും നിലച്ചുപോയ്... വെയിലാറുകയാണ് ചുറ്റിലും. പൊന്തമൂടിയ കിണറിന്നരികില്‍ ഏകനായ് നില്‍ക്കേ, വെയിലാറുകയാണ് ചുറ്റിലും. ആലിന്‍ ചുവട്ടില്‍ കൊത്തങ്കല്ലു കണ്ടില്ല. ഒറ്റത്തടിപ്പാലം കയറിയില്ല. വീട്ടിലേയ്ക്കുള്ള വഴി മറന്നുപോയ്... വഴിയിലെ പാട്ടും നിലച്ചുപോയ്.. ഇരുളെറുകയാണ് ചുറ്റിലും. ഒരു മാമ്പഴം ആരെയോ കാക്കുന്നൊരി മുറ്റത്ത് ഏകനായ് നില്‍ക്കേ, ഇരുളെറുകയാണ് ചുറ്റിലും. കുപ്പിവളക്കിലുക്കങ്ങള്‍ കേട്ടില്ല. ഒളിഞ്ഞൊരു കണ്ണേറും കിട്ടിയില്ല. വീട്ടിലേയ്ക്കുള്ള വഴി മറന്നുപോയ്... വഴിയിലെ പാട്ടും നിലച്ചുപോയ്... തണുപ്പേറുകയാണ് ചുറ്റിലും. തിരിതെളിയാത്തൊരീ കുഴിമാടത്തിനരികില്‍ എകനായി നില്‍ക്കേ, തണുപ്പേറുകയാണ് ചുറ്റിലും. അച്‌ഛന്‍പേരാലു കണ്ടില്ല. അമ്മത്തുളസിയും കണ്ടില്ല. വീട്ടിലേയ്ക്കുള്ള വഴി മറന്നുപോയ്... വഴിയിലെ പാട്ടും നിലച്ചുപോയ്... തണുപ്പേറുകയാണ് സിരകളില്‍. പദസ്വനം നിലച്ചൊരി ഇടനാഴിയില്‍ തലചായ്ക്കവേ, തണുപ്പേറുകയാണ് സിരകളില്‍. ഇതെന്റെ വീടല്ലെന്നാരോ പറഞ്ഞു... വീട്ടിലേയ്ക്കുള്ള വഴി മറന്നുപോയ്... വഴിയിലെ പാട്ടും നിലച്ചുപോയ്.. |